Monday, November 16, 2009

പരോളിനു പുരസ്കാ‍രം




ടെലിവിഷൻ ആർട്ടിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും സംഘടനയായ കോണ്ടാക്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടുവരുന്ന വീഡിയോ ഫെസ്റ്റിവലിൽ (കോണ്ടാക്ട് വീഡിയോ ഫെസ്റ്റിവൽ 2009 ) പരോൾ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം നേടി. മത്സരത്തിനുണ്ടായിരുന്ന മുപ്പത്തിയഞ്ച് ടെലിഫിലിമുകളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് പരോളിന്റെ കാമറ കൈകാര്യം ചെയ്ത രെജിപ്രസാദിനാണ്. ഈ ചെറിയ സന്തോഷം പങ്കുവച്ചുകൊള്ളുന്നു.

Thursday, August 27, 2009

പരോൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നു





പ്രിയസുഹൃത്തുക്കളെ,

കാഴ്ച ചലചിത്ര വേദിയുടെ ബാനറിൽ നമ്മൾ മലയാളം ബ്ലോഗർമാർ ചേർന്ന് സാക്ഷാത്കരിച്ച “പരോൾ” ബ്ലോഗ് വായനക്കാർക്കായി ബ്ലോഗിൽ പ്രദർശിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ബ്ലോഗിന്റെ എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തുന്ന തരത്തിൽ ബൂലോകകവിതയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഓണപ്പതിപ്പിലാണ് പരൊൾ പ്രസിദ്ധീകരിക്കുന്നത്.ഓണപ്പതിപ്പിന്റെ റിലീസിനു ശേഷം പരോളിലേക്കുള്ള ലിങ്ക് ഇവിടെ പ്രസിദ്ധീകരിക്കാം. അഭിപ്രായങ്ങളും വിമർശനങ്ങളുമായി ക്രിയാത്മക ഇടപെടലുകൾ പ്രതീക്ഷിച്ചുകൊണ്ട്...

പരോൾ ടീമിനുവേണ്ടി
സനാതനൻ

പരോള്‍







കഥ,തിരക്കഥ,സംഭാഷണം:സങ്കുചിതൻ
ഛായാഗ്രഹണം:രെജിപ്രസാദ്
ചിത്രസംയോജനം:ബി.അജിത് കുമാർ
ശബ്ദമിശ്രണം:രെഞ്ജിത് രാജഗോപാൽ
സംഗീതം:പ്രവീൺ കൃഷ്ണൻ
സംവിധാനം:സനാതനൻ
നിർ‌മാണം:ദിലീപ് എസ്. നായർ



പ്രിയപ്പെട്ട വായനക്കാരേ ഇത് പരോൾ... പരിമിതികൾക്കുള്ളിൽ നിന്ന് കുറച്ച് മലയാളം ബ്ലോഗർമാർ നിർമിച്ച ആദ്യ മലയാള ബ്ലോഗ് ചലചിത്രം. കണ്ടറിയാനുള്ളത് പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ.അതിനാൽ കൂടുതൽ എഴുതുന്നില്ല,കൂടുതൽ വായനയ്ക്ക് ഇവിടെ പോകുക.തിരക്കഥ ഇവിടെ.പോരായ്മകൾ അനവധിയുണ്ടെങ്കിലും സാമ്പത്തികവും സാങ്കേതികവുമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പൂർത്തീകരിച്ചു എന്നുള്ളതുകൊണ്ട് തികഞ്ഞ അഭിമാനത്തോടെ ഞങ്ങൾ പരോൾ ഇവിടെ പ്രദർശിപ്പിച്ചുകൊള്ളുന്നു.മലയാളം ബ്ലോഗിൽ ആദ്യമായി ഒരു മുഴുനീളസിനിമാ പ്രദർശനം ആദ്യത്തെ ഓണപ്പതിപ്പിലൂടെ ആകുന്നതിൽ നിറസന്തോഷം.
ബ്ലോഗറിൽ 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഫയൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ എന്നതുകൊണ്ട് വീഡിയോ ക്വാളിറ്റി കുറച്ചിട്ടുണ്ട് ക്ഷമിക്കുക.

Sunday, March 1, 2009

പരോളിന് മൂന്ന് പുരസ്കാരങ്ങൾ




ഫോറം ഫോർ ബെറ്റർ ടെലിവിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കൃഷ്ണപിള്ള ഫൌണ്ടേഷനിൽ വച്ചു നടന്ന “ഇമേജസ് 2008“ വീഡിയോ ചലച്ചിത്രമേളയിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം പരോളിന് ലഭിച്ചു.കൂടാതെ മണികണ്ഠനും രെജിപ്രസാദും തിരക്കഥാകൃത്തിനും,കാമറാമാനും ഉള്ള പ്രത്യേക ജൂറി പരാമർശത്തിനും അർഹരായി.മത്സരത്തിനുണ്ടായിരുന്ന പതിനാലു ചിത്രങ്ങളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്.അന്നയുടെ ലില്ലിപ്പൂക്കൾ സംവിധാനം ചെയ്ത അൻ‌സാർ ഖാൻ ആണ് മികച്ച സംവിധായകൻ.ബി.ഹരികുമാർ,ജഗന്നാഥ വർമ,വിജയകൃഷ്ണൻ,മധുപാൽ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ മധുപാൽ സമ്മാനദാനം നിർവഹിച്ചു.

Wednesday, February 4, 2009

പരോൾ - പത്രവാർത്തകൾ

പരോളിന്റെ ചിത്രീകരണ സമയത്തും ശേഷവും അച്ചടി,ദൃശ്യമാധ്യമങ്ങൾ കാഴ്ചചലച്ചിത്രവേദിക്ക് നൽകിയതും തുടർന്നുകൊണ്ടിരിക്കുന്നതുമായ നല്ല സഹകരണത്തെ നന്ദിപൂർവം സ്മരിച്ചുകൊണ്ട്,അച്ചടിമാധ്യമങ്ങളിൽ വന്ന ചില റിപ്പോർട്ടുകൾ ഇവിടെ പോസ്റ്റു ചെയ്യുകയാണ്.സ്കാൻ ചെയ്യാനുള്ള സൌകര്യങ്ങൾ ഇല്ലാത്തതിനാൽ മൊബൈൽ ചിത്രങ്ങളായാണ് പോസ്റ്റുചെയ്യുന്നത്.ബ്ലോഗിലൂടെ പരസ്പരം അറിയുന്നവർ എന്ന നിലയിൽ എം.കെ ഹരികുമാർ തന്റെ അക്ഷരജലകത്തിൽ എഴുതിയ കുറിപ്പിനും ബെർളിതോമസ് മലയാള മനോരമയിൽ തന്റ്റെ പക്തിയിൽ കൊടുത്ത കുറിപ്പിനും ഏറെ മാധുര്യമുണ്ട്.ബ്ലോഗ് എന്ന മാധ്യമത്തിലൂടെയല്ലായിരുന്നു ഈ സിനിമ ജനിച്ചതെങ്കിൽ പരോളിനെക്കുറിച്ച് പ്രസ്തുത രണ്ട് കുറിപ്പുകളും ഉണ്ടാകില്ല എന്നതുതന്നെ കാരണം.ബെർളി തോമസിന്റെ കാര്യമാത്രപ്രസക്തമായ കുറിപ്പ് കയ്യിലില്ലാത്തതുകൊണ്ട് ഇവിടെ പോസ്റ്റുചെയ്യാൻ കയിയുന്നില്ല.എം.കെ ഹരികുമാറിനും ബെർളിതോമസിനും എന്റെ നന്ദി.മറ്റുമാധ്യമങ്ങളിൽ വന്നവയിൽ ഹിന്ദുവിന്റെ റിപ്പോർട്ടും കയ്യിലില്ല.

പരോളിനെ സാമാന്യജനത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച ദൃശ്യമാധ്യമങ്ങൾക്കും (മലയാള മനോരമ ന്യൂസ്,സൂര്യ,അമൃത,ഇൻഡ്യാ വിഷൻ)ഞങ്ങളുടെ ഹൃദയംതൊട്ട നന്ദി.

കലാകൌമുദിയിൽ അക്ഷരജാ‍ലകത്തിൽ എം.കെ.ഹരികുമാർ എഴുതിയ കുറിപ്പ്




ജനയുഗത്തിൽ വന്ന റിപ്പോർട്ട് (അരുൺ.ടി.വിജയനും ലതീഷിനും ഹാറ്റ്സ് ഓഫ്)



ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിപ്പോർട്ട്



കേരളാകൌമുദിയിലെ റിപ്പോർട്ട്

Tuesday, February 3, 2009

വിബ്ജ്യോറിലും സൈൻസിലും പരോൾ



സുഹൃത്തുക്കളേ,

തൃശൂരിൽ നടക്കുന്ന വിബ്ജ്യോർ ചലച്ചിത്രമേളയിലും തിരുവനന്തപുരത്തു നടക്കുന്ന സൈൻസ് ചലച്ചിത്രമേളയിലും പരോൾ പ്രദർശിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
തൃശൂരിൽ ആറാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സംഗീതനാടക അക്കാഡമിയിലെ റീജിയണൽ തിയേറ്ററിലാണ് പ്രദർശനം.
തിരുവനന്തപുരത്ത് ഈ മാസം 12 മുതൽ 19 വരെ കലാഭവൻ,ടാഗോർ തിയേറ്ററുകളിൽ ആയി നടക്കുന്ന സൈൻസ് ചലച്ചിത്രമേളയിൽ ഫോക്കസ് വിഭാഗത്തിലാണ് പരോൾ പ്രദർശിപ്പിക്കുന്നത്.തിയതിയും സമയവും കൃത്യമായി അറിവായിട്ടില്ല.അറിയുന്ന മുറയ്ക്ക് ഇവിടെ പുതുക്കി പ്രസിദ്ധീകരിക്കാം.

തൃശൂരും തിരുവനന്തപുരത്തുമുള്ള സുഹൃത്തുക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.