Monday, December 1, 2008

പരോളിന്റെ സെറ്റിലൂടെ

ഉച്ചകഴിഞ്ഞ നേരം. കുളക്കടവ്
വെട്ടുകല്ലിന്റെ പടിയില്‍ ഇരുന്ന് വെള്ളത്തിലേക്ക് നോക്കിയിരിക്കുന്ന കണ്ണന്‍. അവന്‍ ആകെ അസ്വസ്ഥനാണ്.
പടിയിറങ്ങി വന്ന് അവന്റെ അരികിലായി ഇരിക്കുന്ന അമ്മുവും വിഷ്ണുവും.
അമ്മു : “കണ്ണേട്ടന്‍ പൂവ്വാ, അബുദാബിക്ക് ?”
കണ്ണന്‍ : “ഞാന്‍ എങ്ങട്ടും പൂവില്ല”
വിഷ്ണു : “അമ്മ പറഞ്ഞല്ലോ കണ്ണേട്ടന്‍ അബുദാബിക്ക് തിരികെ പുവ്വാണെന്ന്”
കണ്ണന്‍ : (നിയന്ത്രണം വിട്ട് എണീറ്റ് പടവിലെ വെള്ളത്തില്‍ കാലുവീശി ചവിട്ടിക്കൊണ്ട്) “നിന്റമ്മ്യാ തീരുമാനിക്കണെ, ഞാനെവിട്യാ പൂവാന്ന്?”
അവന്‍ വേഗത്തില്‍ പടിചവിട്ടി കടന്നുപോയി. അമ്മുവും വിഷ്ണുവും അവന്‍ പോയ ദിക്കിലേക്ക് നോക്കി നിന്നു.
"കട്ട്! ഷോട്ട് ഓകെ!!“ സനാതനന്‍ എന്ന ബ്ലോഗറായ സനല്‍ ഉറക്കെ വിളിച്ചു.

ഇത് സങ്കുചിതന്‍ എന്ന പേരില്‍ ബ്ലോഗുന്ന കെ വി മണികണ്ഠന്‍ തന്റെ ബ്ലോഗില്‍ എഴുതിയ പരോള്‍ എന്ന കഥയുടെ ടെലിഫിലിം ആവിഷ്കാരത്തിലെ ഒരു രംഗമാണ്.


കണ്ണനായി ആദിത്യയും അമ്മുവായി കല്യാണിയും വിഷ്ണുവായി അഭിജിത്തും അഭിനയിക്കുന്നു. കണ്ണന്‍ ഗള്‍ഫില്‍ വളര്‍ന്നകുട്ടിയാണ്. അമ്മുവും വിഷ്ണുവും കണ്ണന്റെ നാട്ടിലെ വീടിനോടു ചേര്‍ന്നുള്ള വീട്ടിലെ കുട്ടികളും.
കണ്ണന്റെ വേഷം കെട്ടിയ ആദിത്യ എന്ന കുഞ്ചു ക്ലൈമാക്സിലെ രംഗങ്ങളില്‍ സ്വയം മറന്നുള്ള പ്രകടനം ആണ് കാഴ്ചവച്ചത്. പലപ്പോഴും ഗ്ലിസറിന്റെ സഹായമില്ലാതെ കണ്ണില്‍ നിന്നും ഷോട്ടിനുശേഷവും ഒഴുകിയ കണ്ണീര്‍ ഒളിച്ചുവയ്ക്കാന്‍ അവന്‍ ഒരുപാട് പരിശ്രമിക്കുന്നത് കാണാനായി. ഷോട്ടുകള്‍ക്ക് ശേഷം അവന്‍ പഴയ അവസ്ഥയിലേക്ക് തിരികെ വരാന്‍ ടൈം എടുത്തത് ഞങ്ങളെ ഒക്കെ വിഷമിപ്പിച്ചു. കഴിഞ്ഞ നാലുദിവസമായി ആദിത്യന്റെ ഉള്ളില്‍ അടയിരുന്ന കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ (നാടിന്റെ രസങ്ങളില്‍ മുഴുകി, ഗള്‍ഫിലെ യാന്ത്രികതയെ മടുപ്പോടെ നോക്കി കാണുന്ന കുട്ടി) ശക്തി അപ്പോള്‍ എനിക്ക് തിരിച്ചറിയാനായി. പരകായ പ്രവേശനത്തിനു വന്ന ഒറിജിനാലിറ്റി അതിനെ അടിവരയിടുന്നു. ഇവര്‍ മൂവരും ആദ്യമായാണ് മൂവി ക്യാമറയുടെ മുന്നില്‍ എത്തുന്നത് എങ്കിലും അതിന്റെ ആകുലതകള്‍ ഇല്ലാതെ തന്നെ തങ്ങളുട കഥാപാത്രത്തെ മികച്ചതാക്കി.


മറ്റൊരു സീനില്‍.
വീടിന്റെ ഉള്ളില്‍ നിന്നും ഒരു കൊടുങ്കാറ്റുപോലെ മുറ്റത്തേക്ക് പായുന്ന കണ്ണന്‍. അവന്റെ പിന്നാലെ ഓടിവരുന്ന മുത്തച്ഛനും അമ്മമ്മയും. വടക്കുവശത്തു കൂട്ടിയിട്ട പനയോലകള്‍ക്കിടയില്‍ നിന്നും കണ്ണന്‍ ഒരു വെട്ടുകത്തിവലിച്ചെടുത്ത് പനകള്‍ക്കിടയിലൂടെ പറമ്പിലേക്ക് പായുന്നു.
വടക്കുവശത്തുനിന്നും വന്ന അമ്മുവും വിഷ്ണുവും അത് കണ്ട് അന്തിച്ചു ഒരു നിമിഷം നിന്ന ശേഷം പിന്നാലെ പായുന്നു. താന്‍ നട്ടുവളര്‍ത്തിയ വാഴയിലേക്കവന്‍ പാഞ്ഞടുക്കുകയാണ്. പിന്നാലെ മറ്റുള്ളവരും. പറമ്പില്‍ പണിയിലായിരുന്ന മാണിക്കനും വാഴയുടെ ചുവട്ടിലേക്ക് ഓടിവരുന്നു. വാഴയുടെ നെഞ്ചില്‍ ഒരു ഭ്രാന്തുപൊലെ തലങ്ങും വിലങ്ങും വെട്ടുന്ന കണ്ണന്‍. മുതിര്‍ന്ന മൂന്നാളും ചേര്‍ന്ന് അവനെ വട്ടം പിടിക്കാന്‍ ശ്രമിക്കുന്നു.
മുത്തച്ഛന്‍ : “എന്താ.. കണ്ണാ ഈ കാട്ടണേ“
മാണിക്യന്‍ : “മോനിഷ്ടല്ലെങ്കില് എവിടേയ്ക്കും പോണ്ട”
നെഞ്ചത്തടിച്ച് കരഞ്ഞ് അമ്മമ്മ : എന്റെ കാര്‍ന്നോന്മാരെ.. എന്റെ കുട്ടിക്ക് എന്താ പറ്റിയേ?”
അവന്‍ കുതറിയോടുന്നു.
ഈ ചിത്രത്തിന്റെ ക്ലൈമാക്സിലെ ഒരു പ്രമുഖ രംഗമാണ് സനലും കൂട്ടുകാരും ഇപ്പോള്‍ ചിത്രീകരിച്ചത്.
ചിത്രത്തിലെ ഈ ഭാഗങ്ങള്‍ സങ്കുചിതന്‍ എന്ന മണികണ്ഠന്‍ എന്ന “മണി“യുടെ വരമൊഴിയില്‍ വിരിഞ്ഞ ശക്തമായ രംഗങ്ങളാണ്. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ആ പോസ്റ്റ് വായിച്ചപ്പോഴും ഇത്തരത്തില്‍ ഒരു “അവസ്ഥ” അന്നു മനസില്‍ എത്തിയിരുന്നില്ല. പ്രവാസിക്കുട്ടികളുടെ മനോനിലയും മാതാപിതാക്കളുടെ മാനസിക പിരിമുറുക്കവും അവസ്ഥകളും ഈ ചിത്രത്തില്‍ വളരെ ആഴത്തില്‍ വരച്ചുകാട്ടുന്നു.

മുത്തച്ഛനായി വിജയന്‍ ചാത്തന്നൂരും അമ്മമ്മയായി വത്സല ബാലനും വേഷമിട്ടു. ആ തറവാട്ടിലെ കുടുംബസുഹൃത്തും പണിക്കാരനുമൊക്കെയായ മാണിക്കനു ജീവന്‍ നല്‍കിയത് വിപ്ലവം ബാലന്‍ എന്ന ബാലേട്ടനാണ്. വാഴത്തോട്ടത്തിലേക്കോടുന്ന ഈ രംഗങ്ങള്‍ ഹാന്‍ഡ്‌ഹെല്‍ഡ് മൂവ്മെന്റില്‍ എടുക്കാന്‍ പ്ലാന്‍ ചെയ്ത സനാതനന്റെ ചിന്തയും ആ രംഗത്തിന്റെ വേഗത്തിനൊത്ത് ക്യാമറയുമായി പിന്നാലെ പാഞ്ഞ റെജിപ്രസാദിന്റെ നീക്കവും അസലായി. മോണിറ്റര്‍ പ്രിവ്യൂയില്‍ അതുകണ്ടപ്പോള്‍ ശരിക്കും ഉള്ളു നിറഞ്ഞു. സന്തോഷം അവിടെ കൂടിയിരുന്ന പലരുടെ മുഖത്തും കണ്ടു. എല്ലാം കണ്ട മണി സംതൃപ്തിയോടെ എണീറ്റ് മുണ്ടു മടക്കിക്കുത്തി.

അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സുഹൃത്തുക്കളും (ക്ലിക്കിയാല്‍ വലുതായി കാണാം)



പൂജ




രചയിതാവും സംവിധായകനും ക്യാമറാമാനു പിന്നില്‍

മുത്തച്ഛനും അമ്മമ്മയുമായി വിജയന്‍ ചാത്തന്നൂരും വത്സല ബാലഗോപാലും

വിപ്ലവം ബാലന്‍ മാണിക്കനായപ്പോള്‍

പട്ടാമ്പിയില്‍ നിന്നും ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെ ചാത്തന്നൂരിലെ ഒഴുകില്‍ മനയില്‍ വച്ചാണ് ഷൂട്ടിങ്ങ്. ചുറ്റും കാടുപിടിച്ചുകിടക്കുന്ന പറമ്പും കരിമ്പനകളും ഒക്കെയുള്ള മന. അതിന്റെ മുന്നില്‍ സെറ്റിട്ടതുപോലെ ശിഖരങ്ങള്‍ നിലത്തുനിന്നുതന്നെ വിടര്‍ത്തി പൊങ്ങുന്ന ഒരു മാവ്. വലതുവശത്തായി ഒരു കാവ്. അതിനു താഴെ പായല്‍ നിറഞ്ഞ കുളം. അതിനും അപ്പുറം പച്ചനിറഞ്ഞ പാടം. അതിനുമപ്പുറം ദൂരെ പാലക്കാടന്‍ മലകള്‍ക്ക് താഴെ തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍.
ഈ വലിയ മനയില്‍ ആകെയുള്ളത് ഒരു തമ്പുരാനും അന്തര്‍ജ്ജനവും മാത്രം. ഷൂട്ടിങ്ങിനായി ആള്‍ക്കുട്ടം വന്നപ്പോള്‍ തമ്പുരാന്റെ മനസു നിറഞ്ഞു, കുറച്ചു ദിവസം എങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാന്‍ കുറേ പേര്‍.

കരമന സുധീറാണ് (അന്തരിച്ച കരമന ജനാര്‍ദ്ദനന്‍ നായരുടെ മകന്‍) ഇതില്‍ കണ്ണന്റെ അച്ഛന്‍ (അച്ചു) എന്ന പ്രവാസിയുടെ വേഷം കെട്ടുന്നത്. ഒരുപാട് ആങ്കിളുകളിലും അഭിനയത്തിന്റെ ചില നിമിഷങ്ങളിലും ശരിക്കുമുള്ള കരമന ജനാര്‍ദ്ദനന്‍ നായരുടെ സാന്നിദ്ധ്യം തന്നെ ഈ കലാകാരനിലൂടെ കിട്ടുന്നു. സന്ധ്യാ രമേഷാണ് കണ്ണന്റെ അമ്മ നിര്‍മ്മലയായി അഭിനയിക്കുന്നത്. അവിടുത്തെ വാല്യക്കാരിയായി സിജിയും അമ്മു വിഷ്ണുമാരുടെ അഛന്‍ വാസുവായി രെജീഷും വേഷമിട്ടു. ഒഴുകില്‍ മനയിലെ തമ്പുരാനും ഒരു സീനില്‍ വന്നുപോകുന്നുണ്ട്.

ഒഴുകില്‍ മനയിലെ കാര്‍ന്നോരും ഒരു ഷോട്ടുമായി പരോളില്‍

സന്ധ്യാ രമേഷും ആദിത്യയും

അമ്മുവും വിഷ്ണുവുമായി കല്യാണിയും അഭിജിതും. ആദ്യദിവസം ഉച്ചവരെ ഇവര്‍ക്കു പല്ലുതേയ്ക്കല്‍ ആയിരുന്നു പരിപാടി :)


കരമന സുധീറും സന്ധ്യാ രമേഷും

മണിക്കുട്ടിയും കണ്ണനും. (സിജിയും ആദിത്യയും)

കാഴ്ച ചലചിത്രവേദിയാണ് ഈ ചിത്രം നിര്‍മ്മിച്ചത് ഈ ബാനറിന്റെ പിന്നിലും ബ്ലോഗേര്‍സിന്റെ സാന്നിദ്ധ്യം ഉണ്ട്. ചിത്രം സംവിധാനം ചെയ്തത് ബ്ലോഗറായ സനാതനന്‍ എന്ന സനല്‍. രചന : കെ വി മണികണ്ഠന്‍ (സങ്കുചിതന്‍), ഛായാഗ്രഹണം : റെജി പ്രസാദ്, കലാസംവിധാനം : ഡിസ്നി വേണു, മേയ്ക്കപ്പ് : പ്രഭാകരന്‍, പ്രൊഡക്ഷന്‍ മാനേജര്‍ : വിപിന്‍ പട്ടാമ്പി, അസോസിയേറ്റ് ഡയറക്ടര്‍ : രഞ്ചിത്, അസോസിയേറ്റ് ക്യാമറാമാന്‍ : ജയപ്രകാശ്, സ്റ്റില്‍ ഫോട്ടോഗ്രഫി : ഖാദര്‍ കൊച്ചന്നൂര്‍, യൂണിറ്റ് : ആര്യ പാലക്കാട്.


ബ്ലോഗില്‍ വന്ന കഥയും ബ്ലോഗിന്റെ തിരക്കഥയും ബ്ലോഗര്‍ തന്നെ സംവിധാനം മറ്റൊരു ബ്ലോഗര്‍ തന്നെ ക്യാമറയും കൈകാര്യം ചെയ്ത ഈ സംരഭം ഇന്ത്യയില്‍ തന്നെ ആദ്യത്തേത് ആകാനാണ് വഴി.

ഇനി അല്പം അതുമിതും
നാലാം ദിവസം. മനയുടെ പിന്നില്‍ ഷൂട്ട് കഴിഞ്ഞ് ഞങ്ങള്‍ മുന്നിലേക്ക് വന്നപ്പോള്‍ ദേ നില്‍ക്കുന്നു മൂന്നു തീവ്രവാദികള്‍ ചുമലില്‍ തൂക്കിയ ബാഗും കഴുത്തില്‍ തോക്കുപോലെ ക്യാമറയുമായി മൂന്നുപേര്‍. തുളസി, പച്ചാളം, നൊമാദ്. കരിമ്പിന്റെ പറമ്പില്‍ ആനകയറിയതുപോലെ അവര്‍ ആ മനയും സര്‍പ്പക്കാവും കുളവും തൊഴുത്തും ഒക്കെ ചിത്രങ്ങള്‍ എടുത്തു നടന്നു. ഇവരുടെ ലെന്‍സില്‍ പതിയാത്ത ഒരില പോലും അവിടെ ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ആദ്യ ചിത്രം എടുക്കുന്നവര്‍ വിളിച്ചു പറയും ഇതു ഞാന്‍ എടുത്തു ഇനി ആരും ഇവിടെ കണ്ണുവയ്ക്കണ്ട എന്ന്! മെമ്മറി സ്റ്റിക് നിറയെ വള്ളുവനാടന്‍ ചിത്രങ്ങളുമായാണ് അവര്‍ പോയത്. അന്നുതന്നെ ഉച്ചതിരിഞ്ഞപ്പോള്‍ ഒരു ബ്ലോഗര്‍ കൂടി എത്തി. അചിന്ത്യ. പാലക്കാടുനിന്നും പാഞ്ഞുവന്നതാണ് കുറേ സ്വീറ്റ്സുമായിട്ട്. വിതരണം ഏറ്റെടുത്ത പച്ചാളവും നൊമാദും അവരവരുടെ ബാഗുകളിലേക്കാണ് അധികവും വിളമ്പിയത്.

മനോരമ വിഷന്റെ റിപ്പോര്‍ട്ടര്‍ ബിജി തോമസ് ബ്ലോഗിലെ ഈ ആദ്യ സംരഭം പകര്‍ത്താന്‍ വന്നിരുന്നു. ഒപ്പം സനാതനന്റെ ഇന്റര്‍വ്യൂവും.

ഈ ടെലിഫിലിമിന്റെ ആദ്യ പ്രദര്‍ശനം ഡിസംബര്‍ ആദ്യവാരമാണ് പ്രതീക്ഷിക്കുന്നത്.


ചിത്രങ്ങള്‍ : ഖാദര്‍ കൊച്ചന്നൂര്‍

20 comments:

G.MANU December 1, 2008 at 11:08 AM  

ആശംസകള്‍ മാഷേ..ആദ്യത്തെ ഈ ഉദ്യമത്തിനു സ്പെഷ്യല്‍ അഭീനന്ദനങ്ങള്‍

സു | Su December 1, 2008 at 11:42 AM  

ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ആശംസകളും. ഇനി പരോളൊന്ന് കാണണം എന്നൊരു മോഹം. :)

Kiranz..!! December 1, 2008 at 12:21 PM  

Great news Kalyanikkuttiyammae,Sanathanana,Sankuchithaa & all the crewsee..:)

Happy appaa Kumarappa..!

Durga December 1, 2008 at 12:29 PM  

all the best!:) very glad to hear this..:)

അഭിലാഷങ്ങള്‍ December 1, 2008 at 12:33 PM  

അണിയറയിലെ എല്ലാവര്‍ക്കും.. ആശംസകള്‍.

ഈ സംരംഭം വളരെ നന്നയി വരട്ടെ. ടെലിവിഷനില്‍ ടെലിക്കാസ്റ്റ് ചെയ്യിക്കാന്‍ നോക്കണേ. എന്നിട്ട് അറിയിക്കുകയും വേണം. പ്രസ്സ് ക്ലബ്ബില്‍ മാത്രം പ്രദര്‍ശ്ശിപ്പിച്ചാല്‍ ഇങ്ങ് ദൂരെയിരിക്കുന്ന നമ്മള്‍ കുറച്ച് പ്രാണികള്‍ക്ക് കാണാന്‍ കഴിയില്ലല്ലോ.

പിന്നെ ആദിത്യ എന്ന കുട്ടി സ്വയം മറന്ന് അഭിനയിച്ചു എന്നൊക്കെ വായിച്ചപ്പോ, നല്ല സന്തോഷമുണ്ട്. കാണാന്‍ ആഗ്രഹവും.

പിന്നെ, കല്യണീ, കലക്കണം ട്ടാ..!

ഓഫ്: വിഷ്ണുവും നമ്മുടെ കല്യാണിക്കുട്ടിയും അന്ന് ഉച്ചവരെ പല്ല് തേച്ചത് കൊണ്ട് ഇനി ഒരാഴ്ചത്തേക്ക് പല്ലുതേക്കാതിരുന്നേക്കുമോ എന്ന ചിന്ത എനിക്കിലാതില്ല...

:)

krish | കൃഷ് December 1, 2008 at 3:32 PM  

ആഹാ, സംഭവം അടിപൊളിയാവട്ടെ.
ഗ്രൂപ്പ് ഫോട്ടോയിലെ ഇടത്തുനിന്നും രണ്ടാമത്തെ ആളെ മാത്രം മനസ്സിലായില്ലാട്ടോ.

അവിടെ ‘ഭീകരവാദികള്‍’ എത്തിയപ്പോള്‍ അവര്‍ക്ക് നേരെ നിറയൊഴിച്ചില്ലേ. ബല്യ മെഷീന്‍ ഗണ്ണല്ലേ കൈയ്യിലുള്ളത്.
:)

ആശംസകള്‌!!

Kumar Neelakandan © (Kumar NM) December 1, 2008 at 4:35 PM  

കൃഷ്
കണ്ടിടത്തു മുഴുവന്‍ വെടിയുതിര്‍ത്ത് എന്റെ മെഷിന്‍ ഗണ്ണിന്റെ ലെന്‍സ് തെറിച്ചുപോയി. അതുവച്ചിപ്പോള്‍ ഒരു എലിയെ പോലും ഉന്നം വയ്ക്കാനുള്ള കപാസിറ്റി ഇല്ല.

ഒരു അവിടുത്തെ പനയും മനയും കാവും കുളവുമൊക്കെച്ചേര്‍ത്ത് ഒരു തീവൃവാദ സീസണ്‍ എനിക്കു നഷ്ടമായി :(

കുറുമാന്‍ December 1, 2008 at 5:21 PM  

അടിപൊളി,

സങ്കുചിതനോട് ആ‍ഴ്ചകള്‍ക്ക് മുന്‍പ് ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നുവെങ്കിലും ഇത്രയും പെട്ടെന്ന് എല്ലാം ശരിയാ‍കുമെന്ന് കരുതിയില്ല.

സങ്കുവിനും, സനാതനനും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍. ഇത് ഒരു വന്‍ വിജയമാകട്ടെ.

കുമാര്‍ ഭായിക്ക് പ്രത്യേക ആശംസകള്‍

Asokan December 1, 2008 at 5:29 PM  

അഭിനന്ദനഗളും ആശംസകളും നേരുന്നു.
അശോകനും കുടുംബവും.

ജിജ സുബ്രഹ്മണ്യൻ December 1, 2008 at 6:25 PM  

ഇങ്ങനെ ഒരു സംരംഭം ബ്ലോഗ്ഗ് ചരിത്രത്തില്‍ തന്നെ ആദ്യം അല്ലേ..ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍ !!

യാരിദ്‌|~|Yarid December 1, 2008 at 9:38 PM  

സനാതനനും ഈ ടെലിഫിലിമിനു പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍..:)

ശ്രീലാല്‍ December 2, 2008 at 12:10 AM  

ഗംഭീരമാവട്ടെ സംഭവങ്ങള്‍ ..!!

Pramod.KM December 2, 2008 at 6:38 PM  

സന്തോഷം:)

വെള്ളെഴുത്ത് December 2, 2008 at 10:55 PM  

ഫോട്ടോകള്‍ വല്ലാത്തൊരു സന്തോഷം നല്‍കുന്നുണ്ട്..അവിടെ എവിടെയോ ഉണ്ടായിരുന്ന പോലെ

ഹരിയണ്ണന്‍@Hariyannan December 3, 2008 at 1:25 PM  

പരോള്‍ നല്ലൊരു കാഴ്ചയാവട്ടെ!
അഭിനന്ദനങ്ങള്‍!

[ nardnahc hsemus ] December 15, 2008 at 10:40 AM  

സനലിന്റെ, ആദ്യസംരംഭത്തിലെ ദൃശ്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിറയേ ഉണ്ട്... ഇതും ഗംഭീരമാകുമെന്ന് മനസ്സുപറയുന്നു... ക്രൂവിലെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങള്‍!

മുസ്തഫ|musthapha December 15, 2008 at 10:41 AM  

വളരെ വളരെ സന്തോഷം... ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍... ഇതൊരു ഗംഭീര വിജയമായി തീരട്ടെ എന്നാശംസിക്കുന്നു... :)

കല്യാണി!

കുമാര്‍ജി... കല്ലുമോളാണോ ഈ കല്യാണി... :)

Unknown December 28, 2008 at 3:45 PM  

congrats to all.special congrats to our kunchu(aadithya)appunni............kalakkiyo?(aadithya acted as appunni in NALUKETTU )

jyothi January 8, 2009 at 7:51 PM  

ithu nannaayi...nammuTe kunchu knnane anaswaramaakkum. bloggers sanathananum samkuchithanum abhinandanangal. njangl blOggersinu ithu valiyoru nettam thanne!

yousufpa January 28, 2009 at 2:32 AM  

സന്തോഷം...സന്തൊഷം അത്യധികം സന്തോഷം.


ഓ.ടൊ.ഈ ഖാദര്‍ കൊച്ചനൂര്‍ എന്‍റെ എളാപ്പയാണ്.
അദ്ദേഹത്തിന് എന്തെങ്കിലും കൊടുത്തുവോ..?