Friday, November 21, 2008

മലയാളം ബ്ലോഗിടത്തില്‍ നിന്നൊരു ചലച്ചിത്രം

മലയാളം ബ്ലോഗ് സ്വതന്ത്രമായ ഒരു എഴുത്തിടം മാത്രമല്ലെന്ന് സമീപകാലം തെളിയിക്കുന്നു.
അൻ‌വർ അലി, പി.പി.രാമചന്ദ്രൻ, എം.കെ.ഹരികുമാർ, ഗോപീകൃഷ്ണൻ, ബി.ആർ.പി.ഭാസ്കർ തുടങ്ങിയ പ്രമുഖ എഴുത്തുകാർ ബ്ലോഗിൽ സജീവസാന്നിദ്ധ്യമായതും ബ്ലോഗിനെക്കുറിച്ച് മാതൃഭൂമി പോലുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങൾ ഗൌരവത്തോടെ ചിന്തിക്കാൻ തുടങ്ങിയതും ഈ ഇടക്കാലത്താണ്.

ബ്ലോഗിൽ നിന്ന് അച്ചടിച്ച പുസ്തകങ്ങൾ എന്നതിന്റെ പ്രാരംഭചർച്ചകൾ അണിയറയിൽ നടക്കുമ്പോൾ തന്നെ ബ്ലോഗിൽ നിന്നൊരു ചലച്ചിത്രം ഉരുവം കൊള്ളുന്നു. വായുവിൽ ജനിച്ച ഭാവനകൾ പുസ്തകത്തിലേക്കും, ചലിക്കുന്ന ഫ്രെയിമുകളിലേക്കും ആലേഖനം ചെയ്യപ്പെടുകയാണ്. ഇതൊരുപക്ഷേ മലയാള ബ്ലോഗിന് ഒരു വഴിത്തിരിവായേക്കാം. നേരമ്പോക്കാണ് ബ്ലോഗിങ്ങ് എന്ന ധാരണ തിരുത്തിയെഴുതാൻ ഈ സംരംഭങ്ങൾക്ക് കഴിഞ്ഞേക്കാം.

അക്ഷരാർത്ഥത്തിൽ ബ്ലോഗിൽ നിന്നുള്ള ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭമാണ് പരോൾ. പ്രവാസം കുട്ടികളിൽ നിന്നും നഷ്ടമാക്കുന്ന ജീവിതമാണ് കഥാതന്തു. കാഴ്ച ചലച്ചിത്ര വേദിയുടെ ബാനറിൽ നിർമ്മാണം നിർവഹിക്കുന്നത് ബ്ലോഗ് മുഖാന്തിരമുണ്ടായ ഒരു സൌഹൃദ സംഘമാണ്.
തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഏറെക്കാലമായി ബ്ലോഗിൽ സജീവമായി നിൽക്കുന്ന രണ്ടുപേരാണ്

സങ്കുചിതൻ എന്ന പേരിൽ എഴുതുന്ന കെ.വി. മണികണ്ഠന്റെ ബ്ലോഗായ സങ്കുചിതത്തിലെ പരോൾ എന്ന ചെറുകഥയ്ക്ക് അദ്ദേഹം തന്നെ തയാറാക്കിയ തിരക്കഥയാണ് പരോൾ എന്ന പേരിൽ വീഡിയോ ചലച്ചിത്രമാകുന്നത്. സനാതനൻ എന്ന സനൽ ശശിധരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിജിറ്റൽ ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പട്ടാമ്പിയിൽ ചാത്തന്നൂരിൽ വച്ച് നവംമ്പർ 25 , 26, 27, 28 തീയതികളിൽ നടക്കും.

ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജിപ്രസാദ് ആണ്. കലാസംവിധാനം ഡിസ്നി വേണു.

അഭിനേതാക്കളിലുമുണ്ട് ബ്ലോഗിന്റെ സാന്നിദ്ധ്യം. ഒരുപ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബ്ലോഗറായ കുമാറിന്റെ മകൾ കല്യാണിയാണ്.

കരമന സുധീർ, സന്ധ്യ രമേഷ്, വിജയൻ ചാത്തന്നൂർ, വത്സല ബാലഗോപാൽ, വിപ്ലവം ബാലൻ, രെജീഷ്.പി, സിജി, അഭിജിത്, കുഞ്ചോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഡിസംബർ ആദ്യവാരത്തോടെ ചിത്രത്തിന്റെ പ്രഥമ പ്രദർശനം തിരുവനന്തപുരം പ്രെസ് ക്ലബിൽ വച്ചു നടക്കും.

സ്വപ്നം സ്വപ്നത്തിനു തിരികൊളുത്തുന്നു


സുഹൃത്തുക്കളേ.ഈ ബ്ലോഗ് തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ഒന്നര വർഷമായിട്ടുണ്ടാകും.ഇക്കാലത്തിനിടയിൽ ഞാൻ സഞ്ചരിച്ചത് നിങ്ങൾക്കൊപ്പമായിരുന്നു.അഭിനന്ദനങ്ങൾ സന്തോഷിപ്പിച്ചു,വിമർശനങ്ങൾ തിരുത്തി,കുന്നായ്മകൾ വേദനിപ്പിച്ചു...പക്ഷേ ഞാൻ കെട്ടിക്കിടക്കാതെ ഒഴുകി. പ്രവാസം എന്ന ഏകാന്തതയെ തകർക്കാൻ എനിക്ക് വാതിൽ തുറന്ന് തന്ന മാധ്യമമായി ബ്ലോഗ് മാറി.എന്റെ കുടുസു മുറിയിൽ നിന്ന് ഈ ജാലകത്തിലൂടെ ഞാൻ എന്നെ ഊതിപ്പറത്തിവിട്ടു. എന്റെ മുറിവുകൾ എന്റെ സൌന്ദര്യമായി,എന്റെ മുള്ളുകൾ എന്റെ വിലാസമായി,എന്റെ വാക്കുകൾ ഞാൻ തന്നെയായി.അത്ഭുതത്തോടെ ഞാൻ കാണുന്നു,ഒന്നര വർഷം മുൻപുണ്ടായിരുന്ന ഞാനല്ല ഇന്നു ഞാൻ.പേരു പറഞ്ഞാൽ മുഖം കാണാതെ തിരിച്ചറിയുന്ന ധാരാളം സുഹൃത്തുക്കളുണ്ടായി,ഒരേലക്ഷ്യത്തെക്കുറിച്ച് ഒരേ സ്വപ്നം കാണുന്ന ആയിരം പേരെ ഞാൻ കണ്ടു, ഒരേ വഴിയിലേക്ക് ചുവടുവയ്ക്കാൻ പരസ്പരം കൂട്ടുവരാൻ മനസുറപ്പുള്ള നൂറുനൂറുപേരെക്കണ്ടു.................ഇതൊക്കെ ഇപ്പോൾ പറയുന്നതിന് ഒരു കാരണമുണ്ട്.ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഒരു വീഡിയോ ചലച്ചിത്രം നിർമ്മിക്കുകയാണ്.കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കുക

Saturday, July 12, 2008

അതിശയ ലോകം

ഇവിടെ അനുവദിക്കപ്പെട്ട
ഒരു ജന്മമാണ് ഞാനെന്ന് തോന്നുന്നില്ല
തടഞ്ഞുവയ്ക്കപ്പെട്ട ഏതോ
മരണമാണെന്ന് കരുതാനേ കഴിയുന്നുള്ളു.......
മുന്നറിയിപ്പ്:
ഞെട്ടൽ ഉളവാക്കുന്ന ചില രംഗങ്ങളുണ്ട് ഇതിൽ..നിത്യജീവിതത്തിൽ ഒരുപക്ഷേ ഇതൊക്കെ നമുക്ക് താങ്ങാനായേക്കുമെങ്കിലും ഒരു സിനിമയിലാവുമ്പോൾ അതിനു കഴിയണമെന്നില്ല
നിർമ്മാണം : കാഴ്ച ചലച്ചിത്ര വേദി
തിരക്കഥ സംഭാഷണം : സനൽ
ഛായാഗ്രഹണം : സണ്ണി ജോസഫ്

ചിത്ര സംയോജനം : ബീനാ പോൾ

കലാ സംവിധാനം : ഡിസ്നി വേണു,പട്ടാമ്പി

സഹ സംവിധാനം :അനിൽ,ശ്രീജി

അഭിനേതാക്കൾ : സുജിത്, ചന്ദ്ര ബാബു, ഉണ്ണിക്കൃഷ്ണൻ ,പ്രജില,ഗോപാലകൃഷ്ണൻപെരുംകടവിള,കീഴാറൂർ,അരുവിപ്പുറം,മാരായമുട്ടം പ്രദേശത്തെ നാട്ടുകാർ

ഗ്രാഫിക്സ് :മജു സൈമൺ

സ്റ്റുഡിയോ : ആഡുനിക് ഡിജിറ്റൽ

യൂണിറ്റ് :കലാഭവൻ ഡിജിറ്റൽ

ഓർമ്മിക്കേണ്ട പേരുകൾ നിരവധിയാണ് കണ്ണൻ,രതീഷ്,അജിത്,സതീഷ്,അജയൻ,പോൾ പി ചാക്കോ,ഹരികിഷോർ...ഹാ..അത് നിലയ്ക്കുകില്ല..എഴുപതുകളിൽ മാത്രമല്ല രണ്ടായിരത്തിലും യുവത്വത്തിന്റെ ചോരക്ക് ചൂടും ചുവപ്പുമുണ്ടായിരുന്നു കാലമേ.... അല്ല വയസന്മാരുടെ കാലമേ..നീ കണ്ടില്ല എന്ന് മാത്രം....
ഇത് പഴയ ഒരു ഭ്രാന്തിന്റെ കഥയാണ്..പുതിയ വെളിച്ചത്തിൽ കാണുമ്പോഴും കണ്ണു നിറയ്ക്കുന്ന ഒന്ന്.2001 ൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.
ഞങ്ങൾക്ക് എല്ലാപേർക്കും പത്തൊൻപതിനും ഇരുപത്തി നാലിനും ഇടയ്ക്ക് പ്രായം . ഗ്രാമവാസികൾ ആയിരുന്നു എല്ലാവരും. നഗരത്തിലല്ലായിരുന്നു ആരും, അതുകൊണ്ടുതന്നെ ബുദ്ധിജീവികളായോ ബുദ്ധിയുള്ളവരായോ പോലും ആരും പരിഗണിച്ചിരുന്നില്ല .ഒരു ചലച്ചിത്രോത്സവത്തിൽ ഒരു ദിവസത്തെ മുഴുവൻ സിനിമകളും കണ്ടാൽ നാട്ടിലേക്കുള്ള അവസാന ബസ് കിട്ടില്ല എന്ന അവസ്ഥയായിരുന്നു എല്ലാവർക്കും.അതുകൊണ്ട് ചലച്ചിത്രകുലപതിമാരുടെ പേരുകൾ ഞങ്ങൾക്ക് കാണാപ്പാഠമായിരുന്നില്ല.സിനിമ തുടങ്ങിയ ശേഷം എത്താനും ടൈറ്റിൽ വരുന്നതിനുമുൻപേ മടങ്ങിപ്പോകാനും വിധിക്കപ്പെട്ടവർക്ക് അതല്ലേ പറ്റൂ...
ആരുടേയും കയ്യിൽ പണമില്ല,പറയത്തക്ക വരുമാന മാർഗമില്ല.ഒരു സിനിമ,ടെലിഫിലിം എങ്കിലും ചെയ്യണം എന്ന ആഗ്രഹം മാത്രം.എഴുതി തയാറാക്കിയ തിരക്കഥയും സ്റ്റോറി ബോർഡുമായി ഞങ്ങൾ ഇറങ്ങി “കാഴ്ച ചലച്ചിത്രവേദി“എന്നൊരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു.നൂറു രൂപാ വീതം പിരിച്ചു.
അങ്ങനെ “അതിശയലോകം” എന്ന വീഡിയോ ചലച്ചിത്രം സാക്ഷാത്കൃതമായി.
തിരുവനന്തപുരത്തു വച്ചു നടന്ന IV Fest 2003 (അന്താരാഷ്ട്ര വീഡിയോ ചലച്ചിത്രമേള)യിലെ മത്സരവിഭാഗത്തിൽ പങ്കെടുത്തു.കൽക്കട്ടയിലെ ചില ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു.മറ്റൊന്നും സംഭവിച്ചില്ല.ഞങ്ങൾ പലരായി വളർന്നു.മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞില്ല.പണം ..പണം..
ഇനി അത്....ആ മഹാത്ഭുതം ഇതാ ഇവിടെയുണ്ട്.ഒന്ന് കണ്ട് നോക്കൂ....

അഭിപ്രായം പറയണം...കാരണം ഞങ്ങൾ ജീവിച്ചത് എഴുപതുകളിലല്ല.... ഇതാ ഇന്നലെ..ഇന്നലെക്കുരുത്ത തകരകൾക്ക് നിങ്ങളെന്താണ് പറയുന്നതെന്ന് കേൾക്കാൻ കൊതിയുണ്ട്.....

ജീവിതം ഒരു കൊതിപ്പിക്കലാണ് സുഹൃത്തേ.....